നിരോധനാജ്ഞ: ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം പുറത്തിറക്കി. അനാവശ്യ യാത്രകളും കൂടിച്ചേരലുകളും പൂർണമായി നിരോധിച്ചു.
കാസർകോട് : ജില്ലയില്‍ കോവിഡ് 19 ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷന് പരിധികളില്‍ ഇന്ന് (25) രാത്രി 12 മണി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്ട്രേറ്റായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവാണ് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഇത് പ്രകാരം എല്ലാ ആഭ്യന്തര ഓട്ടോ, ടാക്സി പൊതുഗതാഗത സംവിധാനങ്ങളും പൊതു ഇടങ്ങളിലുള്ള കൂടിച്ചേരലും പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും നിരോധിക്കും. ഈ പോലീസ് സ്റ്റേഷന് പരിധികളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. സാനിറ്റൈസര്‍, മാസ്ക്, 2 മീറ്റര്‍, ശാരീരിക അകലം എന്നിവ കര്‍ശനമായി നടപ്പില്‍ വരുത്തണം.