ആവശ്യപ്പെട്ട പണം നൽകിയില്ല; വസ്ത്രവ്യാപാരിയെ കൊല്ലുമെന്നു ഭീഷണി, ബേവിഞ്ച വെടിവെപ്പ് കേസ് പ്രതി മുന്ന ഉപ്പെടെ രണ്ടു പേർ തോക്കുകളുമായി അറസ്റ്റിൽ
കാസർകോട്: ആവശ്യപ്പെട്ട പണം നൽകാത്ത വിരോധത്തിലാണെന്നു പറയുന്നു, മംഗ്ളൂരുവിലെ വസ്ത്രവ്യാപാരിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബേവിഞ്ച വെടിവെപ്പ് കേസ് പ്രതിയടക്കം രണ്ടു പേർ അറസ്റ്റിൽ. പൈവളിഗെ, കുരുടപ്പദവ് സ്വദേശി മുഹമ്മദ് ഹനീഫ് എന്ന മുന്ന (40), മംഗ്ളൂരു, കോണാജെയിലെ മുഹമ്മദ് റഫീഖ് എന്ന മുടിപ്പു റഫീഖ് (36) എന്നിവരെയാണ് മംഗ്ളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നു രണ്ട് കൈത്തോക്കുകൾ, 3 മൊബൈൽ ഫോണുകൾ, 12 വെടിയുണ്ടകൾ, 42 ഗ്രാം എം.ഡി.എം.എ, ഇലക്ട്രോണിക് ത്രാസ്, ഇന്നോവ കാർ എന്നിവ കണ്ടെടുത്തു.
ജൂലൈ 21ന് ആണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാൽ പണം നൽകിയിരുന്നില്ല. ഇതിൻ്റെ വിരോധത്തിൽ വസ്ത്രാലയത്തിൽ എത്തിയ അക്രമികൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വിവരമറിഞ്ഞ് എത്തിയ പൊലീസ് വസ്ത്രാലയത്തിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഭീഷണിപ്പെടുത്തിയത് മുഹമ്മദ് ഹനീഫയും മുഹമ്മദ് റഫീഖും ആണെന്നു തിരിച്ചറിഞ്ഞത്. ഇരുവരും അധോലോക നേതാവ് കലി യോഗേഷിൻ്റെ സംഘത്തിൽപ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. 2013ൽ കാസർകോട്, ബേവിഞ്ചയിൽ കരാറുകാരനായ മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ വെടിവച്ച കേസ്, പുത്തൂരിലെ രാജധാനി ജ്വല്ലറി കൊള്ളയടിച്ച കേസ് തുടങ്ങി 14 കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഹനീഫയെന്നു പൊലീസ് പറഞ്ഞു. റഫീഖിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 9 കേസുകളുള്ളതായി കൂട്ടിച്ചേർത്തു.