ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവർക്ക് മരുന്നില്ല, രോഗികളോട് ജില്ലാ ക്ഷയരോഗ ആശുപത്രിയിലെത്താൻ നിർദ്ദേശം
കോഴിക്കോട്: സർക്കാർ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും മുഖേന പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ക്ഷയരോഗ മരുന്നുകൾക്ക് കടുത്ത ക്ഷാമം. ഇവിടങ്ങളിൽ മരുന്നില്ലാതായതോടെ രോഗികളോട് ജില്ലാ ക്ഷയരോഗ ആശുപത്രിയിലെത്താനാണ് അധികൃതർ നിർദ്ദേശിക്കുന്നത്.
കേരളത്തിൽ ഓരോവർഷവും ശരാശരി 20,000 ക്ഷയരോഗികളാണ് ഉണ്ടാവുന്നത്.രോഗികൾക്ക് ആറ് മാസം മുതൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന ചികിത്സയാണ് വിദഗ്ദ്ധർ നിർദ്ദേശിക്കാറുളളത്.സാധാരണ റിഫാമ്പിസിൻ, ഐസാനിയോ സൈഡ്, പൈറാസിനാമൈഡ്, എത്താംമ്പ്യൂട്ടോൾ എന്നീ നാല് മരുന്നുകളും ഒന്നിച്ച് മൾട്ടി ഡ്രഗ് തെറാപ്പിയുമാണ് നൽകുന്നത്. ഇത് ഫാർമസികളിൽ ലഭ്യമല്ല.
ആദ്യത്തെ 56 ദിവസത്തെ തീവ്ര ഘട്ട ചികിത്സയ്ക്ക് ശേഷം 112 ദിവസത്തെ തുടർ ഘട്ടമാണുള്ളത്. ഇതിനുശേഷം നടത്തുന്ന പരിശോധനയിൽ രോഗം മാറിയില്ലെങ്കിൽ വീണ്ടും മരുന്ന് നൽകണം. തുടർന്നുളള ഘട്ടത്തിലുള്ള മരുന്നിനാണ് കടുത്ത ക്ഷാമം നേരിടുന്നത്.
ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ഇത്തരം മരുന്നുകൾ എത്തിച്ചുകൊടുക്കുന്നത്. ഇപ്പോൾ ക്ഷാമം അനുഭവപ്പെട്ടതോടെയാണ് രോഗികളോട് മരുന്ന് വാങ്ങാനായി ജില്ലാ ക്ഷയരോഗ ആശുപത്രികളിൽ നേരിട്ടെത്താൻ നിർദ്ദേശിച്ചിരിക്കുന്നത്, ഇവിടെ നിന്നും രോഗികളുടെ ഭാരത്തിനനുസരിച്ച് അഞ്ച് ദിവസത്തേക്ക് ലൂസ് മെഡിസിനാണ് നൽകുന്നത്, ഈ മരുന്ന് മുടങ്ങിയാൽ മരുന്നിനെ പ്രതിരോധിക്കുന്ന മൾട്ടി ഡ്രഗ് റസിസ്റ്റന്റ്സ് (എംഡിആർ) ടിബിയായി മാറും. അങ്ങനെ വരുമ്പോൾ രോഗം മാറാൻ കൂടുതൽ കാലം മരുന്ന് കഴിക്കേണ്ടി വരും.
സെൻട്രൽ ടിബി ഡിവിഷനിൽ നിന്നാണ് സംസ്ഥാനത്തേക്ക് ക്ഷയ രോഗികൾക്കുള്ള മരുന്നു നൽകിയിരുന്നത്. മരുന്നിന്റെ കുറവ് മൂന്ന് മാസം മുൻപ് സെൻട്രൽ ടിബി ഡിവിഷൻ സംസ്ഥാനങ്ങളെ അറിയിച്ചതാണ്. ഫണ്ട് ലഭ്യതയുൾപ്പെടെയുള്ള കാര്യങ്ങളിൽ തട്ടി മരുന്ന് വാങ്ങുന്നത് നീണ്ടുപോയതാണ് ക്ഷാമം രൂക്ഷമാക്കിയത്. ഇപ്പോൾ നാഷനൽ ഹെൽത്ത് മിഷൻ മുഖേന 51 ലക്ഷം രൂപ ലഭ്യമാക്കി മരുന്നു എത്തിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം ജില്ലകളിലെത്തിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.