യു എൽ സി സി ക്ക് റോഡ് നിയമം ബാധകമല്ല;തലങ്ങും വിലങ്ങും വാഹനമോടിച്ചു ഉണ്ടാക്കുന്നത് നിരവധി അപകടങ്ങൾ;നിർമ്മാണം തടയുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് മഹ്ഷൂക് ഉപ്പള
ഉപ്പള : കാസർഗോഡ്- തലപ്പാടി റോഡിൽ ദേശീയപാത നിർമ്മാണ കമ്പനിയായ യു.എൽ. സി.സി.യുടെ ട്രക്കുകളും, ടാങ്കർ ലോറികളും വലിയ രീതിയിലുള്ള അപകടങ്ങൾ വരുത്തുന്നുവെന്നും, കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഏഴോളം ജീവനുകൾ ഇത്തരം അപകടങ്ങളിൽ പൊലിഞ്ഞു പോയിട്ടുണ്ടെന്നും, നിരവധി പേർക്ക് ഗുരുതര പരിക്ക് പറ്റി ആശുപത്രികളിൽ ആണെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി മഹ്ഷൂക്ക് ഉപ്പള ആരോപിച്ചു.
അനന്തമായി നീണ്ടു പോകുന്ന റോഡ് പണികളിൽ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും, കമ്പനി വാഹനങ്ങളുടെ അമിതവേഗത അപകടം ക്ഷണിച്ചു വരുത്തുന്നുവെന്നും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി നിരവധി പരാതി നൽകിയിട്ടും അപകടം തുടർക്കഥയാവുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ അടിയന്തര പ്രാധാന്യത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ നിർമ്മാണ പ്രവർത്തനം തടയുന്നതു ഉൾപ്പെടെയുള്ള പ്രതിഷേധ പ്രക്ഷോഭ പരിപാടികൾക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നൽകേണ്ടി വരുമെന്നും മഹ്ഷൂക് ഉപ്പള പ്രസ്താവനയിൽ മുന്നറിയിപ്പു നൽകി.