തളങ്കരയിലെ സ്വർണ്ണക്കവർച്ച:16 വർഷത്തിന് ശേഷം പ്രതി പിടിയിൽ
കാസർകോട്: തളങ്കരയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നു മൂന്ന് പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയെ 16 വർഷത്തിന് ശേഷം അറസ്റ്റു ചെയ്തു. വയനാട്, പനമരം, കൂളിവയൽ സ്വദേശി റഷീദി(38)നെയാണ് കാസർകോട് ടൗൺ എസ്.ഐ. പി.പി അഖിലും സംഘവും അറസ്റ്റു ചെയ്തത്. തളങ്കര ഖാസിലൈനിലെ പി.എം താജുദ്ദീന്റെ വീട്ടിൽ 2006 ഒക്ടോബർ 18ന് രാത്രിയിലാണ് കവർച്ച നടന്നത്.
പ്രസ്തുത വീട്ടിൽ നിന്നു അന്നു വിരലടയാളം ലഭിച്ചിരുന്നു. ഇത് വഴി പ്രതിയെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അറസ്റ്റു ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടയിൽ ഒളിവിൽ പോയ റഷീദ് നാട്ടിൽ തിരിച്ചെത്തി. ഈ വിവരമറിഞ്ഞ് പനമരം പൊലീസ് മറ്റൊരു കേസിൽ അറസ്റ്റു ചെയ്ത് മാനന്തവാടി ജയിലിൽ റിമാന്റിലാക്കിയിരുന്നു. ഈ വിവരമറിഞ്ഞാണ് കാസർകോട് പൊലീസ് ജയിലിലെത്തി റഷീദിനെ അറസ്റ്റ് ചെയ്തത്.