ലോക്സഭയിലേക്ക് നാലാം അങ്കം, ഇത്തവണ ജന്മനാട്ടിൽ; പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമെന്ന് ഇ.ടി
മലപ്പുറം: മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന് ലോക്സഭയിലേക്കുള്ള നാലാമത്തെ അങ്കമാണിത്. 2009, 2014, 2019 വര്‍ഷങ്ങളില്‍ പൊന്നാനിയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ജന്മനാട്ടില് മത്സരിക്കാന്‍ അവസരം കിട്ടുന്നത്. അതിന്റെ ആഹ്ലാദത്തിലാണ് സ്ഥാനാര്‍ഥി.
1985-ല്‍ പെരിങ്ങളം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാണ് ഇ.ടി.യുടെ തുടക്കം. 1991-ല്‍ തിരൂരില്‍നിന്ന് ജയിച്ച് വിദ്യാഭ്യാസ മന്ത്രിയായി. 1996, 2001 വര്‍ഷങ്ങളില്‍ ജയം ആവര്‍ത്തിച്ചു. വീണ്ടും വിദ്യാഭ്യാസ മന്ത്രിയുമായി.
ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയിലുള്ള സി.എച്ച്. സെന്റര്‍ എന്ന ആശയത്തിലും ഇ.ടിയുടെ കൈയൊപ്പുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സി.എച്ച്. സെന്ററായ തിരുവനന്തപുരം കേന്ദ്രത്തിന്റെ പ്രസിഡന്റാണ്. എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയപ്രവേശം. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ജീവനക്കാരനായിരിക്കേ തൊഴിലാളി വിഷയങ്ങളില്‍ ഇടപെട്ട് എസ്.ടി.യു. നേതാവായി. മുസ്ലിം യൂത്ത്ലീഗ് സ്ഥാപക നേതാക്കളിലൊരാളാണ്.
1964-ലെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഇ.ടി. ഹൈസ്കൂള്‍ പഠനകാലം മുതല്‍ പാര്‍ട്ടി വേദികളില്‍ നിറഞ്ഞുനിന്നു. എസ്.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി, ലീഗ് സംസ്ഥാന സെക്രട്ടറി, പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍, ലീഗിന്റെ ഔദ്യോഗിക വക്താവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് സൗജന്യ പ്ലസ് ടു വിദ്യാഭ്യാസം, എസ്.എസ്.എല്‍.സി.ക്ക് ഗ്രേഡിങ് സംവിധാനം എന്നിവ നടപ്പാക്കി. അദ്ദേഹം മന്ത്രിയായ കാലത്താണ് സംസ്കൃത, കണ്ണൂര്‍, നിയമ സര്‍വകലാശാലകള്‍ തുടങ്ങിയത്.
കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗം, കേന്ദ്ര വഖഫ് ബോര്‍ഡ് അംഗം, അലിഗഢ് യൂണിവേഴ്സിറ്റി കോര്‍ട്ട് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.