ഒരു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി വാട്സാപ്പ് ചാറ്റ്.
മലപ്പുറം: ഷൊർണൂരിൽ ഒരു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി വാട്സാപ്പ് ചാറ്റ്. യുവതി കൊലപാതക വിവരം പങ്കാളിയെ അറിയിക്കുന്നതാണ് ചാറ്റിലുള്ളത്.
‘മോൾ മരിച്ചു, ഞാൻ കൊന്നു എന്റെ മോളെ. വിളിക്കൂ… നമ്മുടെ മോൾ പോയി അജുവേ. മോള് പോയി’- എന്നാണ് യുവതി പങ്കാളിക്ക് അയച്ച സന്ദേശം. ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് അരുംകൊല നടത്തിയതെന്നാണ് വിവരം.
പാലക്കാട് വെണ്ണക്കര സ്വദേശി അജ്മൽ- ശില്പ എന്നിവരുടെ മകൾ ശികന്യയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. രണ്ട് വർഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു. കഴിഞ്ഞ ആറ് മാസമായി അജ്മലും ശില്പയും അകന്നാണ് താമസം.
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ശില്പ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാട്സാപ്പ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്. മാവേലിക്കരയിൽ വച്ചാണ് കൃത്യം നടത്തിയത്. തുടർന്ന് മൃതദേഹവുമായി വാടകയ്ക്കെടുത്ത കാറിൽ അജ്മലിനെ കാണാനായി ഷൊർണൂരിലെത്തി.
സിനിമ തീയേറ്ററിലെ ജീവനക്കാരനാണ് അജ്മൽ. ശില്പ സ്വകാര്യ സ്ഥാപനത്തിലെ തെറാപ്പിസ്റ്റുമാണ്. ശില്പ രാസലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും അജ്മൽ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അകൽച്ചയിലായതോടെ ശില്പ കുഞ്ഞിനെ അജ്മലിനെ ഏൽപ്പിക്കാനും ശ്രമം നടത്തിയിരുന്നു. കുഞ്ഞിനെചൊല്ലി വഴക്കിടലും പതിവായിരുന്നു. വെള്ളിയാഴ്ച രാവിലെ തിയേറ്ററിലെത്തിയ ശിൽപ കുഞ്ഞ് മരിച്ചെന്നും മറവുചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇത് കണ്ട തിയറ്റർ ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്.