രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; വധശിക്ഷ വിധിച്ച ജഡ്ജിക്ക് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ ഭീഷണി, പൊലീസ് സുരക്ഷ
ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷ. മാവേലിക്കര അഡീ. സെഷൻസ് ജഡ്ജ് വി ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയർന്നിരുന്നു. ഇതിനെ തുടർന്നാണ് ക്വാർട്ടേഴ്സിൽ സുരക്ഷ ഏർപ്പെടുത്തിയത്. നിലവിൽ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്.
അതേസമയം, രണ്‍ജിത് ശ്രീനിവാസ് വധക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പൊലീസ് അറിയിച്ചു. ഇതോടെ പ്രതികളുടെ എണ്ണം 35 ആകും. ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികള്‍ക്കും കോടതി ഇന്നലെ വധശിക്ഷ വിധിച്ചിരുന്നു.
കോളിളക്കം സൃഷ്ടിച്ച കേസില്‍ വന്‍ കരുലോടെയാണ് പൊലീസ് നീങ്ങുന്നത്. രണ്‍ജിത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കും ഗൂഢാലോനയില്‍ ഉള്‍പ്പെട്ടവര്‍ക്കുമെതിരെ ആദ്യം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്കി പ്രതികള്‍ ഒരു കാരണവശാലും ജാമ്യത്തില്‍ പുറത്തിറങ്ങാതിരിക്കാനുള്ള നടപടി.15 പേരായിരുന്നു ഇവര്‍. ഇതിനായി അന്വേഷണം രണ്ടായി ഭാഗിച്ചു. ഇങ്ങനെയാണ് അദ്യ ഘട്ട കുറ്റപത്രം നല്‍കുന്നതും ഇപ്പോള്‍ വധശിക്ഷയില്‍ വിചാരണ അവസാനിച്ചതും. ചരിത്രപരമായ ഈ വിധിയോടെ ഇനി കേസിന്റെ രണ്ടാം ഘട്ട കുറ്റപത്രത്തിലേക്ക് പൊലീസ് കടക്കുകയാണ്. കേസില്‍ ഇനിയുള്ളത് 20 പ്രതികളാണ്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനകുറ്റത്തിനും സാധ്യതയുണ്ടെന്ന് അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.
2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്.