ബംഗ്ലാദേശിനെ നിലംപരിശാക്കി ഇന്ത്യ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ
ഹ്വാംഗ്ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിലെത്തി ഇന്ത്യ. സെമിയിൽ ഒമ്പത് വിക്കറ്റിന് ബംഗ്ലാദേശിനെ തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശനം നേടിയത്.
ബംഗ്ലാദേശ് ഉയർത്തിയ 97 റൺസ് മാത്രമുള്ള വിജയലക്ഷ്യം കേവലം 9.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ നേടിയെടുത്തു. 26 പന്തിൽ നിന്ന് ആറ് സിക്സും രണ്ട് ഫോറുമടക്കം 55 റൺസോടെ പുറത്താകാതെ നിന്ന തിലക് വർമയാണ് വിജയത്തിന് നേതൃത്വം വഹിച്ചത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്കവാദ് 26 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 40 റൺസോടെ പുറത്താകാതെ ഒപ്പം ചേർന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 96 റൺസിന്റെ കൂട്ടുകെട്ടാണ്. യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനേ കഴിഞ്ഞൊള്ളൂ. മൂന്ന് താരങ്ങൾ മാത്രമാണ് ബംഗ്ലാദേശ് ടീമിൽ രണ്ടക്കം കടന്നത്. നാല് ഓവറിൽ വെറും 12 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ സായ് കിഷോറാണ് ഇന്ത്യയ്ക്കായി ബൗളിംഗിൽ തിളങ്ങിയത്. വാഷിംഗ്ടൺ സുന്ദർ 15 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
29 പന്തിൽ നിന്ന് 24 റൺസെടുത്ത ജാക്കർ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഓപ്പണർ പർവേസ് ഹുസൈൻ 32 പന്തിൽ നിന്ന് 23 റൺസെടുത്തു. ഇവരെ കൂടാതെ ആറ് പന്തിൽ നിന്ന് 14 റൺസെടുത്ത റാക്കിബുൾ ഹസനാണ് രണ്ടക്കം കടന്ന മൂന്നാമത്തെ താരം.