തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകുമെന്ന് ജലവിഭവ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതുമാണ് വരള്‍ച്ച രൂക്ഷമാകാന്‍ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചൂട് കനക്കുന്നതിനൊപ്പം ഇത്തവണ കുടിവെള്ള ക്ഷാമവും രൂക്ഷമാകുമെന്നും മുന്നറിയിപ്പുണ്ട്.
സാധാരണ മാര്‍ച്ച് മാസത്തില്‍ ഉണ്ടാകേണ്ട ജലവിതാനത്തിലെ കുറവ് ഇത്തവണ ഫെബ്രുവരിയില്‍ തന്നെ പ്രകടമായിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മഴയുടെ അളവില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ മാര്ച്ചാകുന്പോള് സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം, സംസ്ഥാനത്ത് കുംഭച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ നാലു ജില്ലകള്‍ക്കുകൂടി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശനിയാഴ്ച രണ്ടുമുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുകൂടുമെന്നാണ് അറിയിപ്പ്. വരണ്ട കിഴക്കന്‍കാറ്റും കടല്‍ക്കാറ്റിന്റെ സ്വാധീനംകുറഞ്ഞതും അന്തരീക്ഷ ആര്‍ദ്രതയുമാണ് കാരണം.
ചൂട് ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 12 മണിക്കും മൂന്നിനും ഇടയില്‍ പുറത്തിറങ്ങുന്നവര്‍ കൈയില്‍ വെളളം കരുതണം. നിര്‍ജലീകരണത്തിനുളള സാധ്യത ഒഴിവാക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.